manorama 2003 september

Alummoottil is an aristocratic family in south central Kerala.

. . .

ഇതിഹാസങ്ങൾ രചിച്ച തലമുറകൾ

കേരളീയ സമൂഹത്തിൽ ഇക്കഴിഞ്ഞ ഒരു നൂറ്റാണ്ടിലുണ്ടായ മാറ്റങ്ങളുടെ രേഖാചിത്രം വരയ്ക്കുന്ന വലിയ സമ്പത്തിന്റെയും ഐശ്വര്യങ്ങളുടെയും കേദാരമായിരുന്ന കുടുംബങ്ങളുടെ ചരിത്രത്തിലൂടെ ഒരു യാത്ര. ഭൂപരിഷ്കരണവും മിച്ചഭൂമി നിയമവും വ്യവസായവൽക്കരണുവുമെല്ലാം മാറ്റി മറിച്ച കേരളം സമൂഹത്തിന്റെ ചിത്രം. കാലാനുസൃതമായ മാറ്റത്തെ പുൽകിയവർക്കു മാത്രമേ പുതിയ ഉയരങ്ങൾ എത്തിപ്പിടിക്കാനായുള്ളു. ഈ മാറ്റത്തിനു മതപരമായ ഒരു മാനം കൂടി ഉണ്ട്.

alummoottil manorama article

ആലുമ്മൂട്ടിൽ കുടുംബം

വംശവൃക്ഷം

കായംകുളം രാജാവിന്റെ സൈനികരും ആയോധന അധ്യാപകരും. കുടുംബത്തിന്റെ സ്വത്ത് വർദ്ധിച്ചത് കുത്തകക്കാരൻ ശേഖരൻ ചാന്നാന്റെ കാലത്താണ്. ടി കെ മാധവനും എ പി ഉദയഭാനുവും ഈ കുടുംബത്തിലെ അംഗങ്ങളാണ്. സഹോദരി ചെല്ലമ്മയുടെ മകൻ ഡോക്ടർ എം രവീന്ദ്രൻ ഇപ്പോൾ കുവൈറ്റിൽ. സഹോദരൻ ചീഫ് എഞ്ചിനീയർ ആയി വിരമിച്ച രാധാകൃഷ്ണൻ.

നേട്ടങ്ങൾ

തിരുവിതാംകൂർ രാജകുടുംബവുമായി അടുത്ത ബന്ധം. ഈഴവർ അവശത അനുഭവിക്കുന്ന നാളുകളിൽ സമൂഹത്തിൽ പ്രാമാണ്യത്തോടെയും അളവറ്റ സമ്പത്തോടെയും ജീവിച്ച പ്രമുഖ ഈഴവ കുടുംബം. മരുമക്കത്തായം ഒരു കാലം വരെ പിന്തുടർന്നിരുന്ന കുടുംബം. എ പി ഉദയഭാനു കെ പി സി സി പ്രസിഡന്റും മാതൃഭൂമി പത്രാധിപരുമായി.

ആലുംമൂട്ടിൽ ചാന്നാൻ കുടുംബത്തിന്റെ കഥ കേരളം ചരിത്രത്തിലെ ഒരു വിസ്മയമാണ്. ജാതിവ്യവസ്ഥ അടിച്ചേൽപ്പിച്ച അവശതകൾ കൊടുമ്പിരികൊണ്ടുനിന്ന ഒരു സമൂഹത്തിൽ പിന്നാക്ക ജാതിക്കാരുടെ ഈ കുടുംബം എങ്ങനെ സമ്പൽ സമൃദ്ധിയുടെയും മഹാപ്രതാപത്തിന്റെയും കൊടുമുടികൾ കീഴടക്കിയെന്ന വിസ്മയം ചരിത്ര വിദ്യാർഥികൾ പോലും വേണ്ടത്ര പഠന വിധേയമാക്കിയിട്ടില്ല. മെഡിക്കൽ പ്രവേശനപ്പരീക്ഷയിൽ രണ്ടാമനായി ജയിച്ചിട്ടും ഈഴവനായിപ്പോയത് കൊണ്ട് കോളേജിൽ പ്രവേശനം നിഷേധിക്കപ്പെട്ട നിരാശയിൽ പി പൽപ്പു കഴിയുന്ന അതെ നാളുകളിൽ തന്നെയാണ് ആലുംമൂട്ടിലെ ചാന്നാന്മാർ സമ്പത്തിന്റെയും പ്രൗഡിയുടെയും കൊടുമുടികളിലായിരുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിൽ ഈഴവർ വിദ്യാഭ്യാസത്തിലും തൊഴിലിലും ഒക്കെ കടുത്ത അവശതയിൽ കഴിയുന്ന കാലത്തും ഹരിപ്പാട്ടടുത്ത് പ്രതാപവനായ കാരണവർ കൊച്ചുകുഞ്ഞു ചാന്നാൻ തന്റെ സ്വന്തം ആഡംബര കാറിൽ വരുമ്പോൾ ദിവാൻ എഴുന്നള്ളുന്നെന്ന് ധരിച്ച ജനം കൈകൂപ്പി നിൽക്കും കാരണം തിരുവിതാംകൂറിൽ അന്ന് രാജകുടുംബത്തിനും ദിവാനും മാത്രമേ സ്വന്തമായി കാർ ഉണ്ടായിരുന്നുള്ളു.കൊടും അവശതയുടെ അഗാധമായ നീർച്ചുഴിയിൽ ആയിരുന്ന ഈഴവ സമുദായോദ്ധാരണത്തിനുള്ള ശ്രീ നാരായണൻ്റെ ശ്രമങ്ങളുടെ തുടക്കമേ അന്ന് ആയിട്ടുള്ളൂ എന്നോർക്കണം. കൊച്ചുകുഞ്ഞ് ചാന്നാന്റെ ഷഷ്ടിപൂർത്തി ആഘോഷത്തിന് എത്തിയവരിൽ ഒരു പ്രമുഖൻ നാരായണഗുരു തന്നെ ആയിരുന്നു എന്ന് ചടങ്ങിന്റെ വാർത്ത പ്രസിദ്ധീകരിച്ച അന്നത്തെ മലയാള മനോരമ പത്രം സാക്ഷ്യപ്പെടുത്തുന്നു. ആ ചടങ്ങിൽ വച്ച് തനിക്ക് മദിരാശിയിൽ ഉണ്ടായിരുന്ന കുറേ ഭൂമി എസ് എൻ ഡി പിക്ക് സൗജന്യമായി നൽകാമെന്ന് കാരണവർ ഗുരുവിനോട് വാഗ്ദാനം ചെയ്തു. പക്ഷേ കാരണവർ പിന്നീട് വാക്ക് പാലിക്കാതിരിക്കുകയും ഗുരുവിന് ഇത് വലിയ വിഷമമാവുകയും ഇതിലുള്ള ദുഃഖവും രോഷവും ആണ് അദ്ദേഹത്തിന്റെ 'ദത്താപഹരണം ' എന്ന ശ്ലോകത്തിന് വിഷയമാവുകയും ചെയ്തതെന്ന് ഉദയഭാനു തന്റെ ആത്മകഥയിൽ (എന്റെ കഥയില്ലായ്മകൾ )പറയുന്നുണ്ട്. മൂന്നുവർഷം കഴിഞ്ഞപ്പോൾ കാരണവർ കൊല്ലപ്പെട്ടത് ഗുരുശാപം കാരണമാണെന്ന് വിശ്വസിക്കുന്ന കുടുംബക്കാർ പ്രായശ്ചിത്തമെന്നോണം ആണ് കുടുംബസ്വത്തു് പിൽക്കാലത്ത് ഭാഗം വച്ചപ്പോൾ മദിരാശിയിലെ അതേ ഭൂമി എസ് എൻ ഡി...

alummoottil manorama article

...പിക്ക് നൽകിയത്. ആ സ്ഥലത്ത് ഇന്നും എസ് എൻ ഡി പി പ്രവർത്തിക്കുന്നുണ്ട്. അന്ന് ആലുംമൂട്ടിൽ ചാന്നാൻമാരുടെ 'തീണ്ടാപ്പാട് ' അഞ്ചടി മാത്രമായിരുന്നത്രേ. അതായത് നായന്മാർക്ക് സമം. അന്നു തന്നെ ആലുംമ്മൂട്ടിൽക്കാരുടെ കണക്കപ്പിള്ളമാരിലും കാര്യസ്ഥന്മാരിലും കുശിനിക്കാരിൽ പോലും നായർ തുടങ്ങിയ സവർണരുണ്ടായിരുന്നത്രേ. ഒരേ രാജ്യത്ത് ഒരേ സമുദായക്കാർക്ക് എങ്ങനെ രണ്ട് തീർത്തും വ്യത്യസ്തമായ ഭാഗധേയം വന്നു എന്നത് കേരളസമൂഹചരിത്രത്തിലെ വിശദീകരിക്കപ്പെടാത്ത മറ്റൊരു പ്രഹേളിക. അതിനുശേഷം ഒരു നൂറ്റാണ്ട് കഴിഞ്ഞിട്ട് ഇന്നും ഈഴവന്റെ പ്രാതിനിധ്യം അധികാര സ്ഥാനങ്ങളിൽ പരിമിതമാണെന്ന സമുദായ നേതാക്കളുടെ പരാതി ഓർക്കുക. പക്ഷേ മഹാപ്രതാപി ആയിരുന്ന കൊച്ചുകുഞ്ഞു ചാന്നാർ കാരണവർ ആലുമ്മൂട് കുടുംബത്തിലെ ഒരു രക്തരൂഷിതമായ അധ്യായത്തിന്റേയും കാരണഭൂതനാണ്. 1921- ൽ കാരണവരുടെ അനന്തിരവൻ ശ്രീധരൻ അദ്ദേഹത്തെ മാളികയിൽ കയറി വെട്ടിക്കൊന്നു. മരുമക്കത്തായം പിന്തുടർന്നിരുന്ന കുടുംബത്തിലെ കാരണവർ സ്വന്തം മക്കളോട് മാത്രം പ്രതിപത്തി കാട്ടുന്നതിൽ രോഷം പൂണ്ടാണ് അനന്തിരവൻ അത് ചെയ്തത്. അമ്മാവനെ കൊന്ന കുറ്റത്തിന് ശ്രീധരനെ പിറ്റേക്കൊല്ലം തൂക്കിക്കൊല്ലുകയും ചെയ്തു. അതോടെ മരുമക്കത്തായം ഉപേക്ഷിച്ച കുടുംബത്തിന് പിന്നെ ഒരു കാരണവർ കൂടിയേ - കൊച്ചുകൃഷ്ണൻ ചാന്നാൻ - ഉണ്ടായിരുന്നുള്ളു. "ഇതാ ഈ മുറിയിലിട്ടാണ് കാരണവരെ കൊന്നത്" മുട്ടത്തെ മാളികയുടെ വിശാലമായ സ്വീകരണ മുറിയിൽ നിന്നുകൊണ്ട് ആലുമ്മൂട്ടിൽ കുടുംബത്തിലെ ഇപ്പോഴത്തെ തലമുറക്കാരനായ എം രാധാകൃഷ്‌ണൻ പറയുന്നു. അവസാന കാരണവരായിരുന്ന കൊച്ചുകൃഷ്ണൻ ചാന്നാന്റെ മകനും തൂക്കിക്കൊല്ലപ്പെട്ട ശ്രീധരൻ ചാന്നാന്റെ സഹോദരീപുത്രനും ആണ് വാട്ടർ അതോറിട്ടി റിട്ടയേർഡ് ചീഫ് എഞ്ചിനീയർ രാധാകൃഷ്ണൻ. ഇദ്ദേഹത്തിനാണ് ഇന്നും മുട്ടത്തു തല ഉയർത്തി നിൽക്കുന്ന മേടയുടെയും എട്ടുകെട്ടായിരുന്ന തറവാടിന്റെയും ഒക്കെ അവകാശം. തൂക്കിക്കൊല്ലപ്പെട്ട ശ്രീധരന്റെ ഏക സഹോദരനാണ് സ്വാതന്ത്ര്യ സമരസേനാനിയും മാതൃഭൂമി പത്രാധിപരും ആയിരുന്ന പരേതനായ എ പി ഉദയഭാനു. ഒരിക്കൽ തിരുവിതാംകൂർ രാജാവിന് ഏറ്റവും അധികം കരം അടച്ചിരുന്ന ആലുമ്മൂട്ടിൽ കുടുംബത്തിന്റെ അളവറ്റ സ്വത്ത് കുറഞ്ഞു തുടങ്ങുന്നത് 1920-കളുടെ അവസാനം 18 കുടുംബ ശാഖകളായി അത് ഭാഗം വച്ചതിനെ തുടർന്നാണ്. ഒരുപക്ഷെ ആലുമ്മൂട്ടിൽ കുടുംബത്തിന്റെ ആദ്യകാലം അന്ന് തിരുവിതാംകൂറിന്റെ ഭാഗമായിരുന്നിട്ടില്ലാത്ത കായംകുളം രാജാവിന്റെ കീഴിലായിരുന്നതാകാം അവരുടെ വർദ്ധിച്ച സ്വത്തിന് അടിസ്ഥാനമായതെന്നും പറയപ്പെടുന്നു. കായംകുളം രാജാവിന്റെ സൈനികരും ആയോധന അധ്യാപകരുമായിരുന്ന ആലുമ്മൂട്ടിൽ ചാന്നാന്മാർ സമ്പത്തിലും പ്രതാപത്തിലും അന്നേ മുന്നോട്ടു പോയിരുന്നു. മാർത്താണ്ഡവർമ രാജാവ് പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിൽ കായംകുളം കീഴടക്കിയതോടെ ആ സവിശേഷ പദവികൾ ആലുംമൂട്ടിലിനു നഷ്ടമായി. പക്ഷെ പഴയ ശത്രുവിന്റെ സൈനികരായിട്ടും ആലുമ്മൂട്ടിലെ കാരണവന്മാർ ക്രമേണയായി തിരുവിതാംകൂർ രാജാക്കന്മാരുമായി നല്ല ബന്ധം സ്ഥാപിച്ചു. കുടുംബത്തിന്റെ സ്വത്ത് ഏറ്റവും അധികം വർധിപ്പിച്ച കുത്തകക്കാരൻ ശേഖരൻ ചാന്നാന് അന്നത്തെ ദിവാൻ സർ ടി മാധവറാവുവുമായുണ്ടായിരുന്ന അടുപ്പം പ്രസിദ്ധമായിരുന്നു. ദിവാൻ തിരുവിതാംകൂറിൽ നിന്നും തിരിച്ചു സ്വദേശത്തേക്ക് പോയപ്പോൾ അദ്ദേഹത്തിന്റെ വില്ലുവണ്ടിയോടൊപ്പം ചെങ്കോട്ട വരെ കാൽനടയായി കുത്തകക്കാരൻ കാരണവർ അനുഗമിച്ചതായാണ് കഥ. ഈഴവനു കുപ്പപ്പാടം മാത്രം ഉണ്ടായിരുന്ന പത്തൊമ്പതാം നൂറ്റാണ്ടിൽ തന്നെ കുത്തകക്കാരൻ കാരണവർ അതിസമ്പന്നമായിരുന്ന നെല്ലിമൂട്ടിൽ എന്ന ക്രിസ്തീയ കുടുംബത്തിന്റെ വക വൻ എട്ടുകെട്ട് വാങ്ങി പൊളിച്ച് കൊണ്ടുവന്ന് മുട്ടത്തു സ്വന്തം പുരയിടത്തിൽ സ്ഥാപിച്ചത്. (ഒപ്പം അദ്ദേഹത്തിന്റെ പേര് കൊത്തിയ കൂറ്റൻ ഉരുളിയും) ഇന്നും നിലനില്ക്കുന്നുണ്ട്. ഭാഗം പിരിഞ്ഞ ശേഷം കുടുംബത്തിന്റെ വിവിധ ശാഖകൾ സ്വന്തം പങ്കുമായി ജീവിക്കാൻ ആരംഭിച്ച ശേഷം ആരുടേയും സ്വത്ത് കാര്യമായി ഒന്നും വർദ്ധിച്ചില്ല. പക്ഷെ എല്ലാവരും ഉന്നതമായ വിദ്യാഭ്യാസം നേടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചത് ഉദ്യോഗതലങ്ങളിൽ പദവികൾ നേടാൻ അവരെ സഹായിച്ചു. ഈ കുടുംബത്തെ അംഗമാണ് വൈക്കം സത്യാഗ്രഹത്തിലും ഒക്കെ പങ്കെടുത്ത പ്രസിദ്ധനായ ദേശാഭിമാനി ടി കെ മാധവൻ. മരുമക്കത്തായം തുടർന്നിരുന്നെങ്കിൽ കാരണവർ സ്ഥാനത്തു വരേണ്ടിയിരുന്ന എ പി ഉദയഭാനു സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുകയും...

alummoottil manorama article

...പിന്നീട് കോൺഗ്രസ് പാർട്ടിയിൽ പി സി സി പ്രസിഡന്റ് വരെ ഉള്ള ഉയർന്ന സ്ഥാനം അലങ്കരിക്കുകയും സാംസ്കാരിക രംഗത്തു പേരെടുക്കുകയും മാതൃഭൂമി പത്രാധിപർ ആവുകയും ഒക്കെ ചെയ്തു,. അദ്ദേഹത്തിന്റെ പിൻഗാമികൾ എല്ലാവരും വിദ്യാഭ്യാസ രംഗത്തു ഉയരങ്ങൾ കീഴടക്കുകയും ഇന്ത്യയിലും വിദേശത്തും ഒക്കെ പ്രധാന പദവികൾ വഹിക്കുകയും ചെയ്തുപോന്നു. അദ്ദേഹത്തിന്റെ സഹോദരി എ പി ചെല്ലമ്മയുടെ മൂത്ത മകനാണ് പഴയ മുറ അനുസരിച്ചു കാരണവർ സ്ഥാനം വഹിക്കേണ്ടിയിരുന്നത്. ആ മകൻ -ഡോക്ടർ എം രവീന്ദ്രൻ -കോട്ടയം മെഡിക്കൽ കോളേജിൽ മെഡിസിൻ വകുപ്പ് തലവൻ സ്ഥാനത്തു നിന്ന് വിരമിച്ച ശേഷം ഇപ്പോൾ കുവൈറ്റിൽ ജോലി ചെയ്യുകയാണ്. അദ്ദേഹത്തിന്റെ അഞ്ചു സഹോദരരിൽ ഒരാളാണ് വാട്ടർ അതോറിട്ടി ചീഫ് എഞ്ചിനീയർ ആയി വിരമിച്ച ശേഷം ആഫ്രിക്കയിലും ഇപ്പോൾ കുവൈറ്റിലും കൺസൾട്ടന്റായി ജോലി ചെയുന്ന രാധാകൃഷ്ണൻ. ആലുമ്മൂട്ടിൽ ചാന്നാന്മാരുടെ അവശേഷിക്കുന്ന സ്മാരകങ്ങളും ചരിത്രവും ഒക്കെ സംരക്ഷിക്കുന്നതിൽ വ്യാപൃതനായിരിക്കുന്ന രാധാകൃഷ്ണന്റെ അമേരിക്കയിലുള്ള മകൻ അനൂപ് ആകട്ടെ കുടുംബത്തിന്റെ ഒരു വെബ് സൈറ്റ് രൂപീകരിച്ചു നാലു നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള തന്റെ കുടുംബത്തിന്റെ വിസ്മയകരമായ ചരിത്രം രേഖപ്പെടുത്താനുള്ള ശ്രമങ്ങൾ പുതിയ കാലത്തിന്റെ സാങ്കേതികവിദ്യയുടെ സഹായത്തോടെ മുന്നോട്ട് കൊണ്ടുപോകുന്നു.

alummoottil manorama article

. . .

A murder in Alummoottil meda was the inspiration of the screenplay of Manichitrathazhu.