Alummoottil®
Political Life of A P Udayabhanu


Political Life of A P Udayabhanu


. . .

രാഷ്ട്രീയ ജീവിതത്തിലേയ്ക്ക്

1932-ൽ അദ്ദേഹം തിരുവനന്തപുരത്ത് വന്നപ്പോൾ തന്നെ മെമ്പർഷിപ്പ് ഫോറം വാങ്ങി ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ മെമ്പറായി ചേർന്നിരുന്നു . 1937- 1938 കളിൽ തിരുവിതാംകൂറിൽ സ്റ്റേറ്റ് കോൺഗ്രസിൻ്റെ ആവിർഭാവത്തിൻ്റെ നാളുകൾ ആയിരുന്നു. ആദ്യകാലങ്ങളിൽ കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും തമ്മിൽ വളരെ സഹകരിച്ചും സ്നേഹിച്ചും ആണ് പ്രവർത്തിച്ചിരുന്നത്. ഡോക്ടർ കരുണാകരൻ്റെ ഏറ്റവും മഹത്തായ സംഭാവന, തിരുവിതാംകൂറിലെ ആദ്യത്തെ മെഡിക്കൽ കോളേജിൻ്റെ സ്ഥാപനമായിരുന്നു. അന്ന് അസംബ്ലിയിൽ മെമ്പർ ആയിരുന്ന ഉദയഭാനു അസംബ്ലിയെ കൊണ്ടും അതിനാവശ്യമായ നടപടികൾ നടത്തുന്നതിന് വേണ്ടതെല്ലാം ചെയ്തു.

ആലപ്പുഴയിൽ കുറച്ച് നാൾ, ജില്ലാ കോടതിയിലും മജിസ്ട്രേറ്റ് കോടതിയിലും അദ്ദേഹം പ്രാക്ടീസ് ചെയ്തു. പ്രാക്ടീസിൽ തന്നെ ദത്തശ്രദ്ധനായിരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അദ്ദേഹം ആലപ്പുഴയിൽ അല്പം ട്രേഡ് യൂണിയൻ പ്രവർത്തനത്തിലും ഉൾപ്പെട്ടിരുന്നു. കന്നിട്ട തൊഴിലാളി യൂണിയൻ്റെ പ്രസിഡന്‍റ് അദ്ദേഹവും സെക്രട്ടറി സി. കെ. വേലായുധനും ആയിരുന്നു. അദ്ദേഹം അക്കാലത്ത് ശവക്കോട്ട പാലത്തിൻ്റെ അടുക്കൽ കമ്മ്യൂണിസ്റ്റ് ആധിപത്യത്തിലുള്ള ട്രേഡ് യൂണിയൻ ഓഫീസിൽ പോവുകയും എൻ .സി .ശേഖർ, കുന്തക്കാരൻ പത്രോസ് എന്നിങ്ങനെ പലരും ആയി ബന്ധപ്പെടുകയും ചെയ്തു. അദ്ദേഹത്തിൻ്റെ പ്രാക്ടീസ് കാലത്ത് ഒരുപാട് കൊലക്കേസുകളിലും സിവിൽ കേസുകളിലും എല്ലാം അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു. പുന്നപ്ര- വയലാർ സംഭവത്തിന് ശേഷം വളരെ നാളത്തേക്ക് അദ്ദേഹത്തിൻ്റെ ഗേറ്റ് കാറ്റു കൊണ്ട് ശബ്ദം ഉണ്ടാക്കുമ്പോൾ പോലീസുകാർ പിടികൂടാൻ വരികയാണോ എന്ന് സംശയിച്ചു നിന്നതായി അദ്ദേഹത്തിൻ്റെ ആത്മകഥയിൽ പറയുന്നു. പുന്നപ്രയിലെ പോലീസ് ക്യാമ്പ് ആക്രമിച്ചത് അദ്ദേഹം വൈസ് പ്രസിഡന്‍റ് ആയിരുന്ന കന്നിട്ട തൊഴിലാളി യൂണിയൻ ആയിരുന്നു. അദ്ദേഹത്തോട് ചോദിക്കുകയോ പറയുകയോ ചെയ്യാതെയാണ് അവർ ഇത് ചെയ്തത്. എന്നാലും ആ ഘട്ടത്തിൽ രാജി സമർപ്പിക്കുന്നത് ഭംഗി അല്ലെന്നു തോന്നുകയാല്‍ അദ്ദേഹം രാജി സമർപ്പിച്ചില്ല. വളരെക്കാലം കഴിഞ്ഞ് അദ്ദേഹം രാജി എഴുതി അയച്ചു. വയലാർ -പുന്നപ്ര അന്വേഷണത്തിനുശേഷം നടന്ന ചർച്ചകൾ ആസ്പദമാക്കി റിപ്പോർട്ട് എഴുതാനുള്ള ചുമതല അദ്ദേഹത്തിലാണ് നിക്ഷിപ്തമായത്. ആലപ്പുഴയിൽ നിന്ന് ‘ പ്രബോധം’ എന്നൊരു പത്രം പി.പരമേശ്വരൻ പിള്ളയും അദ്ദേഹവും കൂടിച്ചേർന്ന് നടത്തി.

ആലപ്പുഴ ഒരു വസ്തു വാങ്ങി അവിടെ ഒരു ചെറിയ വീട് വെച്ച് താമസിക്കണം എന്നായിരുന്നു അദ്ദേഹത്തിൻ്റെ മോഹം. പക്ഷേ എ. അച്യുതൻ മന്ത്രി ആയതോടുകൂടി ഒഴിവായ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് അദ്ദേഹത്തെ ആയിരുന്നു നിശ്ചയിച്ചിരുന്നത്. തുടർന്ന് ആലപ്പുഴ നിന്ന് തിരുവനന്തപുരത്തേക്ക് വരാൻ പട്ടം താണുപിള്ള അദ്ദേഹത്തെ ക്ഷണിക്കുകയുണ്ടായി. ഇതിനിടയിൽ അദ്ദേഹത്തിൻ്റെ ‘പ്രബോധം’ എന്ന സാഹസിക സംരംഭം നിന്ന് പോവുകയും ചെയ്തു. ഒരു ദിനപത്രം ആലപ്പുഴ നിന്ന് നടത്തിക്കൊണ്ടു പോകാം എന്ന മോഹവും ഇല്ലാതെയായി. അങ്ങനെ അദ്ദേഹം തിരുവനന്തപുരത്തേക്ക് പോകാൻ തീരുമാനിച്ചു. സ്ഥിരമായി ആലപ്പുഴക്കാരൻ ആകാം എന്ന അദ്ദേഹത്തിൻ്റെ ആശ അസ്തമിച്ചു. 1952-ലെ പൊതു തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് നിയമസഭാ കക്ഷിയുടെ ജനറൽ സെക്രട്ടറിയായിരുന്ന അദ്ദേഹത്തിന് നിഷ്പ്രയാസം ജയിക്കാമായിരുന്നു. ഏത് അസംബ്ലി മണ്ഡലവും തിരഞ്ഞെടുക്കാമായിരുന്നു. ജയിച്ചു വന്നാൽ ഒരു മന്ത്രി ആകാമായിരുന്നു. അധികാരത്തിൽ നിന്ന് പിന്തിരിഞ്ഞു നിന്നിരുന്നെങ്കിലും അസംബ്ലിയുടേയും പാർലമെന്‍റിലെയും പ്രവർത്തനങ്ങൾ അദ്ദേഹത്തിനു ഇഷ്ടമായിരുന്നു. പാർലമെന്‍റിൽ പോകണമെന്നുള്ള മോഹവും ഇവിടെ മന്ത്രിയായി തീരുന്നതിനുള്ള വിമുഖതയും കൊണ്ട് അദ്ദേഹം പാർലമെന്‍റിൽ നിയോജക മണ്ഡലമാണ് തിരഞ്ഞെടുത്തത് . അദ്ദേഹത്തിന് എതിരായുള്ള പ്രചാരണത്തിൽ കമ്മ്യൂണിസ്റ്റുകാർ അദ്ദേഹത്തെ ചീത്ത പറയുകയോ കുറ്റം പറയുകയോ ചെയ്തിരുന്നതേ ഇല്ല.കമ്മ്യൂണിസ്റ്റുകാരോട് എതിർപ്പ് ഉണ്ടെങ്കിലും നമ്മുടെ മാന്യത വിട്ട് പോകരുതെന്നും നല്ലതെന്ന് തോന്നുന്നതിനെ അനുമോദിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു .

അദ്ദേഹം അധ്യക്ഷനായിരുന്ന കാർത്തികപ്പള്ളി താലൂക്ക് കോൺഗ്രസ് കമ്മിറ്റിയുടെ മുതുകുളത്ത് വച്ച് നടന്ന വാർഷിക സമ്മേളനത്തിൽ ആയിരുന്നു മന്നത്ത് പത്മനാഭൻ ആദ്യമായി സ്റ്റേറ്റ് കോൺഗ്രസിലേക്ക് വരുന്നതും തൻ്റെ ഗംഭീരമായ പ്രസംഗം നടത്തുന്നതും. അതൊരു മഹാസംഭവം ആയിരുന്നു. മുതുകുളം സമ്മേളനത്തെ തുടർന്ന് മന്നവും ടി. എം. വർഗീസും ഉദയഭാനുവും കൂടി ചുറ്റി നടന്നു കുറേ പ്രസംഗങ്ങൾ നടത്തി. തിരുവിതാംകൂർ കൊച്ചി ബ്രദേഴ്സ് കോൺഗ്രസ് കമ്മിറ്റിയുടെ തിരഞ്ഞെടുപ്പിൽ അദ്ദേഹം പ്രസിഡന്‍റ് സ്ഥാനാർത്ഥിയായി നിന്നു. തനിക്ക് പ്രസിഡന്‍റ് ആയി നിൽക്കുന്നതിൽ താൽപര്യവും മനസ്സും വിശ്വാസവും ഇല്ലെന്നും ഉദയഭാനു തന്നെ നിൽക്കണമെന്നും കുമ്പളത്ത് ശംഖുപ്പിള്ള അദ്ദേഹത്തോട് പറഞ്ഞിരുന്നു.

മലയാളത്തില്‍ ആദ്യമായി ഒരു പത്രം കാര്‍ഷിക പേജ് തുടങ്ങുന്നത് അദ്ദേഹം മാതൃഭൂമിയില്‍ ചുമതല വഹിക്കുമ്പോഴായിരുന്നു .ഉദയഭാനു മാതൃഭൂമിക്ക് പുറമെ, മനോരാജ്യം, കുങ്കുമം, കേരളഭൂഷണം പത്രങ്ങളിലും കോളങ്ങള്‍ എഴുതിയിട്ടുണ്ട്. നിരവധി പൊതുചുതമലകള്‍ വഹിക്കുന്നതിനിടയിലാണ് അദ്ദേഹം മുപ്പതിലേറെ പുസ്തകങ്ങള്‍ എഴുതിയത്. എൻ്റെ കഥയും അല്പം, എൻ്റെ കഥയില്ലായ്മകള്‍, തലതിരിഞ്ഞ ചിന്തകള്‍, സായാഹ്നചിന്തകള്‍, വൃദ്ധവിചാരം തുടങ്ങിയവയാണ് കൃതികള്‍.1962 ആദ്യം തന്നെ അദ്ദേഹം മാതൃഭൂമിയിൽ ചേരുകയുണ്ടായി. അന്ന് ആദ്യമായി മാതൃഭൂമിയുടെ ഒരു രണ്ടാം പതിപ്പ് മറ്റൊരു കേന്ദ്രത്തിൽ നിന്നു കൂടി പ്രസിദ്ധീകരിക്കാൻ തുടങ്ങുകയായിരുന്നു. അതിൻ്റെ ചുമതലയാണ് അദ്ദേഹത്തിന് ഏറ്റെടുക്കേണ്ടി വന്നിരുന്നത്. അദ്ദേഹത്തിൻ്റെ അഭിധാനം ‘ജോയിന്‍റ് എഡിറ്റർ’ എന്നായിരുന്നു. ചീഫ് എഡിറ്റർ സാക്ഷാൽ കെ. പി. കേശവമേനോനും. ലാൽ ബഹദൂർ ശാസ്ത്രിയെയും കോൺഗ്രസ് പ്രസിഡന്‍റ് ദേബർ ഭായിയെയും മൈസൂർ മഹാരാജാവിനെയും എന്ന് വേണ്ട എറണാകുളത്ത് എത്തുന്ന വി .ഐ .പി കളെ എല്ലാം തന്നെ അദ്ദേഹം മാതൃഭൂമിയിൽ കൂട്ടിക്കൊണ്ടുപോയി സൽക്കരിക്കുകയും പ്രസംഗിപ്പിക്കുകയും ചെയ്യുമായിരുന്നു. മാതൃഭൂമിയിൽ അദ്ദേഹം ജോലി ചെയ്തു വരവേയാണ് പി.ടി ചാക്കോ പി. എസ്. സി.യിൽ ചേരാൻ അദ്ദേഹത്തെ ക്ഷണിച്ചത്. അദ്ദേഹത്തിന് അതിൽ വലിയ കൗതുകം തോന്നിയില്ലെന്നും കോഴിപ്പുറത്ത് മാധവമേനോൻ്റെ ഉപദേശപ്രകാരമാണ് അദ്ദേഹം അത് സ്വീകരിച്ചതും എന്ന് എഴുതിയിട്ടുണ്ട്.

. . .

Feel free to share!
Political Life of A P Udayabhanu
Timely Rescue From The Police
Timely Rescue From The Police
Mothers Pain And Sacrifice
Mothers Pain And Sacrifice
Night The Nalukettu Almost Burned
Night The Nalukettu Almost Burned
Sarpa Kaavu And Rituals
Sarpa Kaavu And Rituals
Summoning Elements Of Nature
Summoning Elements Of Nature