Alummoottil®
Valliachante Mukhammoodi


Valliachante Mukhammoodi


. . .

വലിയച്ഛനെ മിക്കവരും അറിയുന്നത് “ഇങ്ങനെ കെടക്കുവല്ലേ, എന്നിട്ട് ആഴ്ചയിൽ ആഴ്ചയിൽ ഓരോ ശപഥവും” ചെയ്യുന്ന ഒരു വിദ്വാനായിട്ടാണ്. എല്ലാവരെയും സഹായിക്കാൻ മാത്രമറിയുന്ന സാത്വികൻ.

പക്ഷെ എന്ത് കൊണ്ടാണ് സ്വയം സന്യാസി എന്നൊക്കെ സ്വയം വിശേഷിപ്പിക്കുന്ന ഇയാളെ സ്വന്തം മൂന്ന് മക്കളും മൂന്ന് മരുമക്കളും രണ്ട് ഭാര്യമാരും അനേകം കൊച്ചുമക്കളും വീട്ടിൽ കയറ്റാത്തതെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

എന്ത് കൊണ്ടാണ് രണ്ട് ഭാര്യമാരും ഇയാളുമായുള്ള ജീവിതം വേണ്ടെന്നും, ഒറ്റപ്പെട്ട മരണമാണ് ഇയാൾക്കൊപ്പം ജീവിക്കുന്നതിലും ഭേദമെന്നോണം ഇന്നും ഏകാന്തവാസം സ്വീകരിച്ചിരിക്കുന്നതെന്ന്?

എന്ത് ‌കൊണ്ടാണ് മൂത്തമകൻ ഇയാളുമായി സംസാരിച്ചിട്ട് ഒരു പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നത്? മൂത്തമകൻ താമസിക്കുന്നത് എവിടെയെന്നു പോലും ഇയാളോട് പറയാത്തതെന്ന്?

ഉത്തരം ഒന്നേയുള്ളു. മുഖംമൂടിക്ക് പിന്നിലെ വക്രനും, വികടനും, അധമനുമായ, ആ വ്യക്തിത്ത്വത്തെ ഇവരൊക്കെ മാത്രമാണ് അനുഭവിച്ചറിഞ്ഞിരിക്കുന്നത്.

ഒരു കഥയിൽ നിന്നും തുടങ്ങാം.

കോളേജിൽ അവധികാലം. ചിലവഴിക്കാൻ ഞാൻ മുഖമൂടിയുടെ വീട്ടിൽ ചെന്നു. എനിക്കൊരു 23-24 വയസ്സ് കാണും. മുഖംമൂടി രണ്ടാം കല്യാണവും കഴിഞ്ഞു വാഷിംഗ്‌ടൺ ഡിസിയുടെ പ്രാന്തപ്രദേശത്ത് ഭാര്യാസമേതം താമസിക്കുകയാണ്.

രണ്ടാംഭാര്യ ഒരു ബ്രാഹ്മണസ്ത്രീയാണ്. എല്ലാവരോടും സ്നേഹമുള്ള ഒരു ശുദ്ധജന്മം. ഞങ്ങളുടെ കുടുംബത്തിൽ വല്യച്ഛന്റെ പത്നിയെ വല്ല്യമ്മ എന്നാണ് അഭിസംബോധന ചെയ്യുന്നത്.

ഒരു ദിവസം വൈകുന്നേരം ഞാൻ വീട്ടിൽ തിരിച്ചെത്തുമ്പോൾ, വലിയ വാക്ക്തർക്കം. മുഖംമൂടിയും വല്ല്യമ്മയും തമ്മിൽ. ഞാൻ പേടിച്ചു മുറിയിൽ പോയിരുന്നു. പക്ഷെ ഉച്ചത്തിലെ സംസാരം മുറിയിലിരുന്നും വ്യക്തം.

കാരണം ഇതാണ്. അന്ന് അറുപതോളം വയസ്സുള്ള മുഖംമൂടിക്ക് പരസ്ത്രീബന്ധം. തന്റെ ഔദ്യോഗികപരമായ പരിചയത്തിലെ മുപ്പത് വയസ്സുള്ള ഒരു സ്ത്രീയുമായി ഇഷ്ടന് അവിഹിതം.

ഇതറിഞ്ഞ വല്ല്യയമ്മ സങ്കടം കാരണം കൗൺസിലിങിന് പോയി തുടങ്ങി. കൗൺസിലർ മുഖംമൂടിയെ വിളിച്ചു കൊണ്ട് ചെല്ലാൻ പറഞ്ഞിരിക്കുകയാണ്. മുഖംമൂടി പോകില്ല. എന്തൊക്കെ ചെയ്താലും. താനൊരു തെറ്റും ചെയ്തിട്ടില്ല എന്ന വാദത്തിലാണ് ഇഷ്ടൻ.

അന്ന് വൈകുന്നേരവും മുഖംമൂടി ആ ചെറുപ്പക്കാരിയുടെ അപ്പാർട്മെന്റിൽ കുറേനേരം തങ്ങി വൈകിയാണ് വീട്ടിലേക്ക് വന്നത്. അതാണ് വഴക്ക് രൂക്ഷമായത്. സ്വന്തം മകളെക്കാളും പ്രായം കുറഞ്ഞ ഒരു സ്ത്രീയുമായി ബന്ധം പുലർത്താൻ നാണമില്ലേ എന്ന് വല്ല്യമ്മ ഒരു ശരം. ഇഷ്ടന്റെ മറുശരത്തിലാണ് ആദ്യമായി ഇയാളുടെ തനിസ്വരൂപം ഞാൻ കാണുന്നത്.

തന്നെ ശ്രീകൃഷ്ണനെ (ഭഗവാൻ) പോലെ കാണുന്ന ഒരു ഗോപിക മാത്രമാണ് കാമുകിയെന്നും, ഭക്തി കലർന്ന പ്രണയം മാത്രമേ അവൾക്കുള്ളെന്നും, അതിൽ തെറ്റിദ്ധാരണ വേണ്ടെന്നും ആണ് മുഖംമൂടി പത്നിയോട് വിശദീകരിച്ചത്! തന്നെ ശ്രീകൃഷ്ണനെ പോലെ പ്രണയിക്കാൻ വല്ല്യമ്മക്ക് കഴിയില്ല. രാധയുടേത് പോലെയുള്ള ഭക്തിയും വല്ല്യമ്മക്ക് ഇല്ല. ആ പരിതസ്ഥിതിയിൽ ഇന്ത്യയിൽ ഭർത്താവുള്ള, ഒരു കുട്ടിയുമുള്ള, ഒരു സ്ത്രീയോട് അടുപ്പം കാണിക്കുന്നത് അത്ര വലിയ ഒരു കുറ്റമാണോ?

ന്യായം.

ശ്രീകൃഷ്ണ ഭഗവാന്റെ ലീലാവിലാസങ്ങൾ ഭാര്യ(മാർ) സമ്മതിച്ചു കൊടുത്തിരുന്നല്ലോ. അപ്പോൾ തന്റെ പരസ്ത്രീ ബന്ധം എന്ത് കൊണ്ട് ഇത്ര വഷളാക്കി ചിത്രീകരിക്കുന്നു?

യുക്തിപരം.

പക്ഷെ വല്ല്യമ്മ മർക്കടമുഷ്ടി. ഗോപികയ്ക്ക് ചിലവാക്കുന്ന പൈസക്ക് കൈയ്യും കണക്കുമില്ല. അത് താൻ കൂടി കഷ്ടപ്പെട്ടുണ്ടാക്കുന്ന സമ്പാദ്യത്തിൽ നിന്നല്ലേ ചിലവാക്കുന്നതെന്നും വാഗ്വാദം.

ഗോപികകളെ കൃഷ്ണൻ സംരക്ഷിക്കുന്ന പോലെ, ആരോരുമില്ലാത്ത പാവപെട്ട ഒരു പെൺകുട്ടിക്ക് താമസവും, ചിലവും, വർക്ക് വിസയും താൻ ശരിയാക്കി കൊടുക്കുന്നത് ഒരു തെറ്റാണോ എന്ന് മറുചോദ്യം.

സ്വാഭാവികം.

ഒരു കൂസലുമില്ലാതെ സ്വന്തം ഭാര്യയുടെ അടുത്ത് ഈ ന്യായം പറഞ്ഞു ഫലിപ്പിക്കാൻ ശ്രമിച്ച വലിയച്ഛനെ സാഷ്ടാംഗം പ്രണമിച്ചു പോയി ഞാൻ അന്ന്!

(PS. ഏതാനം വര്ഷങ്ങളോടെ ആ സാധു വല്ല്യമ്മ ജീവനും കൊണ്ടോടി. ഒരു ദാമ്പത്യജീവിതാന്ത്യത്തിൽ നീക്കിയിരുപ്പും വേണ്ട, വരുമാനവും വേണ്ട, അമേരിക്കയിലെ ജീവിതവും വേണ്ട, സൗഭാഗ്യങ്ങളും വേണ്ട, ഉള്ള ജീവൻ മാത്രം തിരിച്ചു കിട്ടിയാൽ മതി എന്ന് അവർ പറയണമെങ്കിൽ, എത്ര നരകയാതന ആ സാധുസ്ത്രീ സഹിച്ചു കാണും എന്ന് ആർക്കും ഊഹിക്കാം. മുഖംമൂടിയുടെ ആദ്യഭാര്യയുടെ ഗതി ഇതിലും ഭയാനകമായിരുന്നു. അത് അടുത്ത കഥയായി ഞാൻ പിന്നൊരിക്കൽ.)

ആ സംഭവത്തോടെ മുഖമൂടിക്ക് പിന്നിൽ ഒരു കീചകജൻമം ഉണ്ടെന്ന യാഥാർഥ്യം വ്യക്തമായി. മനുഷ്യർ ജീവിക്കുന്ന യാഥാർഥ്യത്തിൽ അല്ല മുഖമൂടി ജീവിക്കുന്നത്. മനുഷ്യർ പാലിക്കുന്ന ചര്യകളോ,ചട്ടങ്ങളോ മൂല്യങ്ങളോ തനിക്ക് ബാധകമല്ല എന്ന് സ്വയം വിശ്വസിക്കുന്ന ഒരു ആത്മരതിപരനായ (നാർസിസിസ്റ്റിക്) ഒരു ജന്മത്തോട് മാനുഷിക മൂല്യങ്ങൾ വാദിക്കുന്ന സാധുസ്ത്രീയുടെ വാക്കുകൾ എല്ലാം തന്നെ ഉപയോഗശൂന്യമായിരുന്നു.

ദൈവതുല്യനാണ് താനെന്ന് സ്വയം വിശ്വസിക്കുന്ന ഒരാളോട് ധർമ്മങ്ങളും, തത്വങ്ങളും ബോധിപ്പിക്കാൻ ആർക്കും കഴിയില്ല. എത്ര ശ്രമിച്ചാലും.

അതെ അവസ്ഥയാണ് ഇപ്പോൾ ആലുംമൂട്ടിലും. മേട പുനരുദ്ധരിച്ചതോടെ, ആലുംമൂട്ടിൽ തന്റേത് മാത്രമാണെന്ന വിശ്വാസത്തിലാണ് മുഖംമൂടി. തന്റെ “ഇൻവെസ്റ്റ്മെന്റ്” എന്നാണ് അയാൾ ആലുംമൂട്ടിലിനെ വിശേഷിപ്പിക്കുന്നത്. ഒരുപാട് ചരിത്രമുള്ള, ഒരുപാട് ത്യാഗങ്ങളുള്ള ഒരു കുടുംബത്തിലെ കണ്ണി മാത്രമാണ് താനെന്ന ആത്മബോധം ഒരു കാലത്തും ഇയാൾക്കുണ്ടാവില്ല.

കുടുംബത്തിന് പണത്തിനുപരി സ്നേഹത്തിന്റെയും രക്തത്തിന്റെയും പരിമാനതകളുണ്ടെന്ന ഗ്രാഹ്യം ഒരു കാലത്തും ഇയാൾക്കുണ്ടാവില്ല. ഞാൻ എഴുതുന്ന ഓരോ കഥകളും ഇയാളെനിക്കെതിരെ എഴുതുന്ന വൃത്തികേടുകളുടെ മറുപടിയാണ്.

ഡോക്ടർ ജേഷ്ടൻ ജീവിച്ചിരിക്കുമ്പോൾ, ഒരിക്കലും ഇയാൾ മേട പുനര്‌ദ്ധികരിക്കില്ല, കാരണം അയാൾക്ക് അതിന്റെ അംഗീകാരം പൂർണ്ണമായും കിട്ടില്ല എന്നയാൾക്ക് നല്ലത് പോലെ അറിയാം. ജേഷ്ടന്റെ മരണശേഷമാണ് ആലുംമൂട്ടിൽ “പുനരുദ്ധാരണം” തുടങ്ങിയെന്നത് യാദൃച്ഛികമല്ല.

ഉദാഹരണങ്ങൾ ഇനിയും ധാരാളം. ഒരു നൂറ്റാണ്ടിന് മുൻപേ നിർത്തപ്പെട്ട ഒരു സമ്പ്രദായമാണ് ആലുമൂട്ടിലെ കാരണവർ സ്ഥാനം. എന്നാൽ ജേഷ്ഠന്റെ മരണശേഷം ഇയാൾ ഇയാളെ തന്നെ സ്വയം വിശേഷിപ്പിക്കുന്നത് ആലുംമൂട്ടിലെ കാരണവർ ആയി ആണ്. കുഞ്ഞിക്കൂനൻ “ഞാൻ എന്നെ തന്നെ വിളിക്കുന്നത് വിമൽ കുമാർ എന്നാണ്” എന്ന് പറയുന്ന പോലത്തെ വിരോധാഭാസം!

കാരണവർ സ്ഥാനാചാരം നിലനിന്നിരുന്നെങ്കിൽ, ഡോക്ടർ ജേഷ്ഠന്റെ മരണശേഷം ആ സ്ഥാനം സഹോദരി പുത്രനായ വ്യക്തിക്കായിരിക്കും എന്ന സാമാന്യ ബുദ്ധിപോലും സ്വപ്നസഞ്ചാരിയായ ഇയാൾക്കില്ല.

വക്രബുദ്ധി മുഴുവൻ “ഞാൻ” എന്ന അഹംഭാവത്തിന് ചുറ്റും ഉപഗ്രഹങ്ങളായി ചലിക്കാത്തവർ കുടുംബത്തിലെയല്ല എന്ന് കല്പിക്കാനും ഈ “കാരണവർക്ക്” ഒരു മടിയുമില്ല.

ഞാൻ അയാളുടെ സഹോദരന്റെ പുത്രനാണ്. ഞാൻ കുടുംബത്തിലെയല്ല എന്ന് പലതവണ ഇയാൾ എഴുതിയത് ഞാനിവിടെ അടിവരയിടുന്നു. അയാൾക്ക് പുനരുദ്ധീകരിക്കാൻ ഞാൻ ഒരു സമ്മതപത്രവും എഴുതി കൊടുത്തിട്ടില്ല. വാക്കാലോ മുദ്രപത്രത്തിലായോ ഒരു കരാറിലും ഞാൻ ഒപ്പിട്ടില്ല. കോവിഡ് കാലത്ത്, എന്റെ അറിവോ, സമ്മതവുമൊ ഇല്ലാതെയാണിയാൾ എന്നോട് മറച്ചു വയ്ച്ചു “നവീകരിക്കൽ” എന്ന തരികിട നമ്പറുകൾ എന്റെ പിതാവിനെ കൊണ്ട് ഒപ്പിട്ട് വാങ്ങിയത്.

ഇയാളുടെ പവർ ഓഫ് അറ്റോർണി ഇയാളുടെ അച്ഛനും പെങ്ങളും ദുരുപയോഗപ്പെടുത്തി എന്നൊരു ദുഷ്പ്രചാരണം ഇയാൾ നടത്തുന്നുണ്ട്. പക്ഷെ ഞാൻ കുറ്റാരോപണം നടത്തുന്നത് തെളിവോടെയാണ് (അച്ഛനെ പറ്റിച്ചു ഇയാൾ എഴുതി വാങ്ങിയ മുദ്രപത്രത്തിന്റെ കോപ്പി ആർക്കെങ്കിലും പരിശോധിക്കണമെങ്കിൽ എന്റെ പക്കലുണ്ട്).

ഇയാളോട് ഇയാൾ പറയുന്ന എന്തിനെങ്കിലും ആധാരമോ രേഖയോ കാണിക്കാൻ ആവശ്യപ്പെട്ട് നോക്ക്? ഇംഗ്ലീഷിൽ ബുൾ ഷിട്ടെന്നും, മലയാളത്തിൽ കന്നുകാലി ചാണകമെന്നും വിശേഷിക്കപ്പെടാവുന്ന വാക്കുകൾ പറഞ്ഞ് ഇയാൾ നിങ്ങളുടെ ചോദ്യത്തെ അമ്മാനമാടും.

അത് കൊണ്ട് തന്നെ അയാൾ പുനരുദ്ധാരണമെന്നും പുതുക്കി പണിയലെന്നും പറഞ്ഞ് ആലുംമൂട്ടിൽ കാട്ടികൂട്ടുന്ന ദ്രോഹങ്ങൾ പലതും ഞാൻ ചോദ്യം ചെയ്തു - കൊച്ചു കുഞ്ഞു ചാന്നാർ III പണിഞ്ഞ മേടയുടെ കമാനം നശിപ്പിച്ചതുൾപ്പടെ ഒരുപാട് സ്ഥാപരജംഗമ വസ്തുക്കൾ കാണാതായതിന്റെ പിന്നിലെ കരങ്ങൾ ഈ മ്ലേച്ഛനാണ്. ഞാൻ ഇതൊക്കെ ചോദ്യം ചെയ്തതോടെയാണ് അയാളുടെ കണ്ണിലെ കരടായത്.

തന്നോട് ഭക്തി കാണിക്കാത്തവർക്ക് ആലുംമൂട്ടിൽ കയറാൻ അധികാരമില്ല എന്ന് സ്വയം വിശ്വസിച്ചു, അതിനായി തറവാട്ടിൽ വളർന്ന സ്വന്തം അനുജന്റെ കുട്ടികൾക്കെതിരെ ഗുണ്ടകളെ നിയോഗിക്കുകയും, കള്ളകേസ് കൊടുക്കാനും തുനിഞ്ഞ ഇയാൾക്ക് മനസാക്ഷി ഉണ്ടോ എന്ന് സ്വാഭാവികമായും ആർക്കും ചോദിക്കാം.

ഇല്ല.

ഇല്ലെന്ന് തെളിയിക്കുന്ന പല കഥകളും അയാളുടെ പുത്രന്മാർ, അവരുടെ ഭാര്യമാർ വിശദീകരിച്ച് പറഞ്ഞിട്ടുള്ള വസ്തുതകൾ ഞാൻ തെളിവോടെ അക്കമിട്ട് ഇവിടെ ഓരോ ഭാഗങ്ങളായി പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു.

ഞാൻ ജനിച്ചു വളർന്ന മേടയിൽ എന്നെ കയറ്റതായപ്പോൾ ആണ് ഞാൻ കേസ് കൊടുത്തത്. എന്റെ അമ്മൂമ്മയായ ചെല്ലമ്മ ചാന്നാട്ടിയുടെ നാലാമത്തെ പുത്രനായ രാധാകൃഷ്ണന്റെ പുത്രനാണ് ഞാൻ. ഈ മുഖംമൂടിക്കുള്ള അതെ അവകാശം എനിക്ക് ആലുംമൂട്ടിൽ ഉണ്ട്. കോടതി എനിക്കനുകൂലമായ വിധി പ്രഖ്യാപിക്കും എന്ന് നൂറ് ശതമാനവും ഉറപ്പുള്ളത് കൊണ്ടാണ് ഞാൻ ആ കേസ് കൊടുത്തത്.

അല്ലാതെ ഇയാൾ പറയുന്ന പോലെ ഇയാൾ നീട്ടിയ ഒരു നക്കാപിച്ചയും മോഹിച്ചല്ല. നക്കാപ്പിച്ച വാങ്ങുന്ന രണ്ട് അനുജരും ഭാര്യമാരും അയാൾക്കുണ്ട്. ആ നിറത്തിലാണ് അയാൾ ബാക്കിയെല്ലാവരെയും കാണുന്നത്. പക്ഷെ ആലുംമൂട്ടിൽ അഞ്ചിലൊന്നെന്ന എന്റെ പെങ്ങളുടെയും എന്റെയും അവകാശം ഞാൻ നിയമയുദ്ധത്തിലൂടെ നേടിയെടുക്കും. അതിന്റിടയിൽ പറയാവുന്ന എല്ലാ ചെറ്റത്തരവും അയാൾ എനിക്കെതിരെ പറഞ്ഞിട്ടുണ്ട്.

അതൊക്കെ വിശ്വസിക്കുന്നതിന് മുൻപ് ആലോചിക്കുക. സഹോദരപുത്രനെ കുടുംബത്തിൽ നിന്നും പുറത്താക്കാൻ, മകന്റെ പ്രായം പോലുമില്ലാത്ത എന്റെ സംഭാവനകൾ മുഴുവനായി തട്ടിയെടുത്ത് (രേഖകൾ എന്റെ പക്കലുണ്ട്), മുട്ടത്തെ തെരുവ് ഗുണ്ടകളെ കൂട്ട് പിടിച്ച് എന്നെ ഉപദ്രവിക്കാനും, എനിക്കെതിരെ കള്ളകേസ് (രേഖകൾ എന്റെ പക്കലുണ്ട്) കൊടുത്ത നികൃഷ്ടനും ജുഗുപ്‌സനും അസന്മാർഗ്ഗിയുമായ ഒരാളുടെ വാക്കിന് നിങ്ങൾ എത്ര വിലകല്പിക്കണം?

2023 മേയിൽ ഇയാൾ എന്നെ ഫോണിൽ വിളിച്ചു. ഏറ്റവും ഇളയ മകനെ ഇയാൾ കണ്ടിട്ട് ഏഴ് വർഷങ്ങളായി. ഒന്ന് എന്റെ വാഷിംഗ്‌ടൺ ഡിസിയിലെ വീട്ടിലേക്ക് ക്ഷണിക്കുമോ എന്നായിരുന്നു ഇഷ്ടന്റെ ആവശ്യം. തന്റെ സ്വന്തം വീട്ടിലേക്ക് വിളിച്ചാൽ മകൻ ഒരുപക്ഷെ ചെല്ലില്ല. മരുമകൾ ഒരിക്കലുമില്ല.

ഞാൻ സമ്മതിക്കുകയും, ഇയാൾ ഏഴ് വർഷങ്ങൾക്ക് ശേഷം മകനെയും മരുമകളെയും കാണുന്നത് എന്റെ വീട്ടിൽ വയ്ച്ച് ജൂൺ 2023ലാണ്. സാക്ഷികൾ അമേരിക്കയിൽ എന്നെ സന്ദർശിച്ച എന്റെ പിതാവും മാതാവും.

എന്തുകൊണ്ടാണ് മുഖമൂടിയെ രണ്ട് മരുമകളും വീട്ടിൽ കയറ്റാത്തത് എന്നത് അടുത്ത ലക്കത്തിൽ വിശദമായെഴുതാം. എന്നെ പറ്റി ഇയാൾ പറയുന്ന ഓരോ അപവാദത്തിനും ഞാൻ ഇയാളുടെ ഭൂതകാല സത്യങ്ങൾ ഓരോന്നായും ഞാൻ വെളിപ്പെടുത്തും. വെട്ടാൻ വരുന്ന പോത്തിനോട് വേദമോതിയിട്ട് കാര്യമില്ലല്ലോ?

ഇഷ്ടൻ പറയുന്നത് അയാളുടെ ജീവിതം മഹാഭാരതം പോലെയാണെന്നാണ്. മഹാഭാരതം എന്നതിനുപരി കീചകവധം എന്ന പേരാണ് ഇയാളുടെ ജീവിതത്തിന് കൂടുതൽ ഉചിതമായ നാമധേയം. സൈരന്ധ്രിമാർ ഒന്നല്ല ഒരുപാടോണ്ടെന്ന ഒറ്റ വ്യത്യാസമേ ഉള്ളൂ. ശേഷം അടുത്ത ലക്കം.

. . .

Feel free to share!
Valliachante Mukhammoodi
Seven Shadows
Seven Shadows
Diwan Gopalachari
Diwan Gopalachari
Rakhta Yakshi Karineeli
Rakhta Yakshi Karineeli
Case Diary Of A Corrupt Police Officer
Case Diary Of A Corrupt Police Officer
Martiarchy In Kerala And Alummoottil
Martiarchy In Kerala And Alummoottil