Alummoottil®
Social Life of A P Udayabhanu


Social Life of A P Udayabhanu


. . .

സാമൂഹ്യ രംഗത്ത്

ഇന്ത്യൻ പാര്‍ലമെന്‍റ് അംഗവും രാജ്യസഭയിലെ ,കേരളത്തിലെ ആദ്യ വനിതാ എം.പി.മാരിലൊരാളുമായ ഭാരതി ഉദയഭാനുവിനെയാണ് ഉദയഭാനു വിവാഹം കഴിച്ചത് .അവർ ഒരു എഴുത്തുകാരി കൂടിയായിരുന്നു.അവരുടെ ആത്മകഥാപരമായ ‘അടുക്കളയിൽ നിന്ന് പാർലമെന്‍റിലേക്ക്’ എന്ന കൃതിയ്ക്ക് 1960-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.1983-ൽ അവർ അന്തരിച്ചു. ഈ ദമ്പതികൾക്ക് 5 കുട്ടികളുണ്ടായിരുന്നു.

രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗത്ത് അദ്ദേഹം കൈവരിച്ച നേട്ടങ്ങളും പ്രശസ്തിയും അദ്ദേഹത്തിന് തികച്ചും അഭിമാനിക്കത്തക്കതാണ്. പ്രശസ്തരും ആദരണീയരുമായ നേതാക്കന്മാർ വളരെയുണ്ട്. പക്ഷേ അവരിൽ ഭൂരിപക്ഷവും ഏതെങ്കിലും ഒരു തുറയിൽ ആയിരിക്കും പ്രശസ്തരായിട്ടുള്ളത്. രാഷ്ട്രീയത്തിലും സാമൂഹ്യത്തിലും സാംസ്കാരിക തലത്തിലും ഒരുപോലെ പ്രശസ്തരായവർ വളരെ വിരളമാണ്. ദീർഘകാലത്തെ പത്രപ്രവർത്തനമാണ് അദ്ദേഹത്തെ പ്രശസ്തനായ എഴുത്തുകാരൻ ആക്കി മാറ്റിയത്. വളരെ ചെറുപ്പത്തിൽ തന്നെ അദ്ദേഹം രാഷ്ട്രീയത്തിൽ അറിയപ്പെട്ട ഒരാളായി തീർന്നു. ഏർപ്പെടുന്ന കാര്യത്തിൽ ആത്മാർത്ഥതയും സത്യസന്ധതയും തന്‍റേതായ ആദർശവും മുറുകെപ്പിടിച്ച് അദ്ദേഹം തന്‍റെ കർത്തവ്യങ്ങൾ നിർവഹിച്ചു പോന്നു.മിഡിൽ സ്കൂൾ വിദ്യാർത്ഥിയായിരുന്ന കാലം മുതൽ തന്നെ അദ്ദേഹം ഖദർ ധരിക്കാൻ തുടങ്ങിയതാണ്. ഖദർധാരിയും ദേശീയ വാദിയും പത്രപ്രവർത്തകനുമൊക്കെ ആയിത്തീരാൻ അദ്ദേഹത്തിന് പ്രചോദനവും പ്രോത്സാഹനവും നൽകിയത് അദ്ദേഹത്തിൻ്റെ ചിറ്റപ്പനായ മഹാനായ ടി .കെ. മാധവൻ ആയിരുന്നു .

ശ്രീ ഉദയഭാനുവിന് രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിലെ സേവനങ്ങളെ കണക്കിലെടുത്ത് ‘ദേശാഭിമാനി കെ.രാമകൃഷ്ണപിള്ള അവാർഡ് ‘ഉൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഇത്രയധികം ബഹുമതികൾ ലഭിച്ചിട്ടുള്ളവർ അധികം പേർ കാണില്ല . ഈ ബഹുമതികൾ ഒന്നും പ്രതീക്ഷിച്ചുകൊണ്ട് അല്ല അദ്ദേഹം എഴുതിയിട്ടുള്ളത്. നേട്ടങ്ങളും ബഹുമതികളും മറ്റും പ്രതീക്ഷിച്ചു ലേഖനങ്ങൾ എഴുതുമ്പോൾ അവയിലെ സത്യസന്ധത നഷ്ടപ്പെടും എന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്. നല്ലതെന്നും ശരിയെന്നും തോന്നുന്നതിനെ വാഴ്ത്താനും തെറ്റെന്ന് തോന്നുന്നതിനെ ശക്തമായി തന്നെ ചൂണ്ടിക്കാണിക്കാനും അദ്ദേഹം മടിച്ചിരുന്നില്ല. കോൺഗ്രസിലെ നേതാക്കന്മാരിൽ പ്രമുഖരായ മിക്കവരുടെയും സേവനം വഴി ഉണ്ടായ നേട്ടങ്ങളെയും കോട്ടങ്ങളെയും പറ്റി അദ്ദേഹം തൻ്റെ അഭിപ്രായങ്ങളും വിലയിരുത്തലുകളും അദ്ദേഹത്തിൻ്റെ ആത്മകഥയിൽ പ്രകടമാക്കിയിട്ടുണ്ട്.എസ്. എൻ. ഡി. പി യോഗത്തെ സി. പി രാമസ്വാമി അയ്യരുടെ വലയത്തിൽ നിന്ന് പിടിച്ചെടുത്ത്‌ കോൺഗ്രസിന് അനുകൂലമാക്കി മാറ്റാൻ വേണ്ടിയായിരുന്നു കോൺഗ്രസ് നേതൃത്വം, കോൺഗ്രസിൻ്റെ ജനറൽ സെക്രട്ടറിയായിരുന്ന ആർ.ശങ്കർ -നെ എസ്. എൻ. ഡി. പി. യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ നിയോഗിച്ചത്. പക്ഷേ സംഭവിച്ചത്, യോഗം ജനറൽ സെക്രട്ടറിയായ ഉടൻ തന്നെ, സി. പി. യെ ശക്തമായി പിന്തുണയ്ക്കുന്ന ആളായി മാറുകയായിരുന്നു ശങ്കർ. ഇതിൽ ശങ്കർ -നെ ഉദയഭാനു നിശിതമായി വിമർശിച്ചിട്ടുണ്ട്. അതുപോലെ, മുഖ്യമന്ത്രിയായിരുന്നപ്പോൾ പി. ടി ചാക്കോയെ പോലുള്ള ഒരു കോൺഗ്രസ് നേതാവിനെ മന്ത്രിസഭയിൽ നിന്ന് രാജിവെപ്പിച്ച് കേരള കോൺഗ്രസിൻ്റെ രൂപീകരണത്തിന് വഴിതെളിച്ചതിനും, അതുവഴി കോൺഗ്രസിൻ്റെ ശക്തി ക്ഷയത്തിന് ഇടയാക്കിയതിനും, അദ്ദേഹം ആർ. ശങ്കർ -നെ വിമർശിച്ചിട്ടുണ്ട്. അതേസമയം സി. പി രാമസ്വാമി അയ്യരുടെ സഹായത്തോടെയാണെങ്കിലും നിരവധി കോളേജുകളും വിദ്യാലയങ്ങളും ഉണ്ടാക്കാൻ കഴിഞ്ഞത് ആർ. ശങ്കറിൻ്റെ വ്യക്തിപരമായ വലിയ നേട്ടമായി പ്രകീർത്തിക്കാനും അദ്ദേഹം മടിച്ചില്ല.കോൺഗ്രസിന് ശക്തിയും ജനസ്വാധീനവും നേടിയെടുക്കാൻ മറ്റാരെക്കാളും ആത്മാർത്ഥമായി പ്രവർത്തിച്ച ടി. എം വർഗീസിനെ അർഹിക്കുന്ന വിധം ആദരിക്കുന്നതിന് കോൺഗ്രസിന് കഴിഞ്ഞില്ലെന്നുള്ളതിൽ അദ്ദേഹം ദുഖിതനാണ്. ആദരിച്ചില്ലെന്നു മാത്രമല്ല വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടു എന്നതിലും ശ്രീ ഉദയഭാനു ദുഃഖിക്കുന്നു. ടി. എം. വർഗീസ് ഒരു യഥാർത്ഥ ദേശീയവാദിയാണ് എന്നുള്ള സത്യം അധികം ആരും അംഗീകരിച്ചിരുന്നില്ല. എന്നാൽ ശ്രീ എ. പി ഉദയഭാനു അദ്ദേഹത്തിൻ്റെ ആത്മകഥയിൽ ഇദ്ദേഹത്തെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്.

സ്റ്റേറ്റ് കോൺഗ്രസിൻ്റെ ലക്ഷ്യപ്രാപ്തിയിൽ എത്തി ജനാധിപത്യഭരണം നേടിയെടുക്കുന്നത് വരെ അനിഷേധ്യ നേതാവായി ആരാധിച്ചു പോന്ന പട്ടം താണുപിള്ള കേവലം ഏഴുമാസം മുഖ്യമന്ത്രിയായിരുന്നപ്പോൾ രാജിവെക്കാൻ ഇടയാക്കിയത് വലിയ തെറ്റായിപ്പോയി എന്നും, തിരുവിതാംകൂർ കോൺഗ്രസിൻ്റെ തളർച്ചയ്ക്ക് അത് വഴിതെളിച്ചു എന്നും ഉദയഭാനു വിശ്വസിച്ചിരുന്നു. അതിനു ശേഷം കോൺഗ്രസിന് തിരുവിതാംകൂറിലും തിരുകൊച്ചിയിലും, പിന്നീട് കേരളത്തിലും അർഹിക്കുന്ന ശക്തിയും സ്വാധീനവും നിലനിർത്താൻ കഴിഞ്ഞിട്ടില്ല. കോൺഗ്രസിന് വേണ്ടി ഉദയഭാനു തൻ്റെ കഴിവുകൾ പരമാവധി വിനിയോഗിച്ചെങ്കിലും ഫലിച്ചില്ല എന്ന് അദ്ദേഹം ദുഖിച്ചിരുന്നു. കോൺഗ്രസിനെ വളർത്തുന്നതിന് ആത്മാർത്ഥമായും സജീവമായും അദ്ദേഹം തൻ്റെ പങ്ക് നിർവഹിച്ചിരുന്നു.അന്നത്തെ കാലത്ത്, സംസ്ഥാനത്ത് ജനകീയ ഭരണത്തിന് പകരം പ്രസിഡന്‍റ് ഭരണം ഏർപ്പെടുത്തുകയായിരുന്നു ചെയ്തത്. കേന്ദ്രം കോൺഗ്രസിൻ്റെ ഭരണത്തിൽ ആയിരുന്നു.” 80 ശതമാനം പേർ വോട്ട് ചെയ്യാൻ മുന്നോട്ട് വന്നു. ജനങ്ങളുടെ മുഖമടച്ച് അടിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത്”. എന്നാണ് അദ്ദേഹം അന്ന് രേഖപ്പെടുത്തിയിരുന്നത്. ഈ കണക്കിന് പോയാൽ അടുത്ത തെരഞ്ഞെടുപ്പ് വരുമ്പോഴേക്കും കോൺഗ്രസ് ദയനീയമായി പരാജയപ്പെടുമെന്നും അദ്ദേഹം അന്ന് ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു.കോൺഗ്രസിൻ്റെ പിൽക്കാല ചരിത്രം അദ്ദേഹത്തിൻ്റെ നിഗമനം ശരിയാണെന്ന് തെളിയിച്ചിരുന്നു.

കുറേക്കാലം അദ്ദേഹം അഭിഭാഷകനായിരുന്നു. ഇതിനിടയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അംഗമാകുകയും സ്വാതന്ത്ര്യ സംവാദന പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് മെമ്പർഷിപ്പ് അദ്ദേഹം എടുത്തിരുന്നു എങ്കിലും ട്രാവൻകൂർ സ്റ്റേറ്റ് കോൺഗ്രസിൽ നിന്ന് അദ്ദേഹം അകന്നു നിൽക്കുകയായിരുന്നു. അപ്പോഴാണ് അന്നത്തെ സയൻസ് കോളേജിൽ പോലീസ് പ്രവേശിച്ച് കുട്ടികളെ ലാത്തി ചാർജ് നടത്തി എന്നും മറ്റുമുള്ള വാർത്ത പരന്നത്. ആ അവസരത്തിൽ മിസ്റ്റർ പി. എ. ഉമ്മൻ അദ്ദേഹത്തെ സ്റ്റേറ്റ് കോൺഗ്രസിൽ ചേർക്കാൻ വരികയും അദ്ദേഹം മെമ്പർഷിപ്പ് എടുക്കുകയും ചെയ്തു.

. . .

Feel free to share!
Social Life of A P Udayabhanu
Alummoottil Channar Murder Punishment Manorama Report
Alummoottil Channar Murder Punishment Manorama Report
Kalaripayattu Adimurai Comparison
Kalaripayattu Adimurai Comparison
Bharatanatyam Poomukham
Bharatanatyam Poomukham
Ap Sreedharans Revenge
Ap Sreedharans Revenge
Avenging The Serpents Bite
Avenging The Serpents Bite